കോട്ടയം: വനിതാ ബോഡി ബിൽഡിംഗിൽ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധ നേടുകയാണ് കോട്ടയം സെന്റ് ആൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ അന്ന സെബാസ്റ്റ്യൻ. ബോഡി ബിൽഡിംഗ് പരിശീലനം തുടങ്ങി മാസങ്ങൾക്കം മിസ് കോട്ടയം പട്ടം സ്വന്തമാക്കിയാണ് അന്ന ബോഡി ബിൽഡിംഗ് രംഗത്തു തന്റെ വരവ് അറിയിച്ചിരിക്കുന്നത്.
സംസ്ഥാന കേരള സ്പോർട്സ് കൗൺസിലും ജില്ലാ സ്പോർട്സ് കൗൺസിൽ കോട്ടയവും നടത്തിയ 2025-26 കോട്ടയം ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ കാറ്റഗറിയിൽ ഒന്നാം സ്ഥാനവും മിസ് കോട്ടയം ടൈറ്റിലും സ്വന്തമാക്കിയിരിക്കുകയാണ് അന്ന. ഇതുവഴി ഫെബ്രുവരിയിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയും നേടി.
ആറു മാസങ്ങൾക്കു മുമ്പാണ് അന്ന ബോഡി ബിൽഡിംഗ് രംഗത്തേക്കു വന്നത്. സഹോദരനായ സച്ചിൻ പരിശീലനം നടത്തുന്ന കോട്ടയം മണിപ്പുഴയിലെ ഫോർച്യൂൺ ജിംനേഷ്യത്തിൽ അങ്ങനെ ചേർന്നു. മൂന്നു മാസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ ബോഡി ബിൽഡിംഗിൽ അന്നയ്ക്കു മികച്ച സാധ്യതകളുണ്ടെന്നു പരിശീലകരായ വിജീഷ്, റോബിൻ എന്നിവർ വിലയിരുത്തി. തുടർന്നു ജില്ലാതല മത്സരം ലക്ഷ്യമിട്ട് ഇവരുടെ കീഴിൽ പരിശീലനം തുടരുകയായിരുന്നു.
മൂന്നു മാസമായി കർശനമായ ഡയറ്റ് പിന്തുടർന്നും തീവ്രപരിശീലനം നടത്തിയുമാണ് ജില്ലാ മത്സരത്തിനായി ഒരുങ്ങിയത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവിഭവങ്ങൾ കൂടുതലായി തെരഞ്ഞെടുത്തു. ദിവസം എട്ട് മുട്ടകൾ വരെ കഴിച്ചു, ധാരാളം പച്ചക്കറികളും. സഹോദരൻ സച്ചിനും ജില്ലാതല മത്സരത്തിന് ഇറങ്ങിയിരുന്നു. ബോഡി ബിൽഡിംഗ് രംഗത്തുതന്നെ പരിശീലനം തുടരാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഈ പ്ലസ് വൺ കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയുടെ തീരുമാനം. കോട്ടയം പൂവന്തുരുത്ത് മംഗ്ലാവിൽ സന്തോഷ്-അനു ദമ്പതികളുടെ മകളാണ് അന്ന.